നഗരപാത നവീകരണത്തിന് സഹകരണ കൂട്ടായ്മ
text_fieldsകോഴിക്കോട്: നഗരത്തിലെ ആറ് റോഡുകളുടെ നവീകരണത്തിന് ഫണ്ട് സമാഹരിക്കുന്നതിന് 32 പ്രാഥമിക സഹകരണ സംഘങ്ങളുടെ കൂട്ടായ്മ നിലവില്വന്നു. ഊരാളുങ്കല് ലേബര് കോണ്ട്രാക്ടേഴ്സ് സൊസൈറ്റി(യു.എല്.സി.സി)യുടെ കാര്മികത്വത്തിലാണ് കൂട്ടായ്മ.
നഗര റോഡ് അഭിവൃദ്ധിപ്പെടുത്തല് പദ്ധതിക്കു കീഴില് നവീകരിക്കുന്ന ആറ് റോഡുകളുടെ പ്രവൃത്തിക്കുള്ള 200 കോടി രൂപയാണ് കൂട്ടായ്മ വഴി സ്വരൂപിക്കുന്നത്. 11 ശതമാനം പലിശക്ക് 10 വര്ഷ കാലാവധിയില് വായ്പയായാണ് തുക സംഘങ്ങള് അനുവദിക്കുക.
സ്റ്റേഡിയം ജങ്ഷന്-പുതിയറ, കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം-കല്ലുത്താന് കടവ്, വെള്ളിമാടുകുന്ന്-കോവൂര്, ഗാന്ധിറോഡ്-മിനി ബൈപ്പാസ്-കുനിയില്കടവ്-മാവൂര് റോഡ് ജങ്ഷന്, പുനത്തുതാഴം-സി.ഡബ്ള്യു.ആര്.ഡി.എം, പുഷ്പ ജങ്ഷന്-മാങ്കാവ് ജങ്ഷന് എന്നീ ആറു റോഡുകളാണ് പദ്ധതി പ്രകാരം നവീകരിക്കുന്നത്. മൊത്തം 22.5 കിലോമീറ്ററാണ് റോഡുകളുടെ ദൈര്ഘ്യം. അഴുക്കുചാല്, തെരുവ് വിളക്ക്, സിഗ്നലുകള്, ഫുട്പാത്തുകള് തുടങ്ങിയവ ഉള്പ്പെടുത്തി കേരള റോഡ് ഫണ്ട് ബോര്ഡിനു കീഴിലാണ് റോഡ് വികസിപ്പിക്കുന്നത്. 10 വര്ഷത്തെ പരിപാലനം ഉള്പ്പെടെ 693 കോടിയാണ് പദ്ധതിയുടെ ചെലവ്. ഇതില് 249 കോടിയാണ് പ്രവൃത്തിച്ചെലവ്. മുംബൈ, ഡല്ഹി, അഹ്മദ് നഗര് എന്നിവിടങ്ങളിലെ വന്കിട കമ്പനികളെ പിന്തള്ളിയാണ് ഊരാളുങ്കല് സൊസൈറ്റി ടെന്ഡര് ഏറ്റെടുത്തത്. 18 മാസത്തിനകം പ്രവൃത്തി പൂര്ത്തിയാക്കുമെന്ന് അധികൃതര് പറഞ്ഞു.
ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്െറ സാന്നിധ്യത്തില് ബാങ്ക് ജനറല് മാനേജര് സി. അബ്ദുല് മുജീബ്, യു.എല്.സി.സി പ്രസിഡന്റ് രമേശന് പാലേരി എന്നിവരും പ്രാഥമിക സഹകരണ ബാങ്ക് സെക്രട്ടറിമാരും തമ്മിലാണ് ധാരണപത്രം ഒപ്പുവച്ചത്. ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. ഐ. മൂസ, ഇ. രമേശ് ബാബു, ജയന് നന്മണ്ട, വി.പി. കുഞ്ഞികൃഷ്ണന്, പി.ടി. ഉമാനാഥന്, എന്. സുബ്രഹ്മണ്യന്, യു. രാജീവന്, പി.എന്. തോമസ്, കെ.ടി. പ്രേമരാജന്, എസ്. ഷാജു എന്നിവര് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.